40 സർവകലാശാല, ആയിരക്കണക്കിനു സീറ്റ്; വരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷ

 40 സർവകലാശാല, ആയിരക്കണക്കിനു സീറ്റ്; വരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷ

CUCET 2022

ബിരുദ പ്രവേശനത്തിനു പൊതു പ്രവേശന പരീക്ഷ നടത്താൻ ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ  വെള്ളിയാഴ്ച തീരുമാനിച്ചതോടെ ഒരു കാര്യം ഉറപ്പായി. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയ്ക്കാണ് കളമൊരുങ്ങാൻ  പോകുന്നത്. 

രാജ്യത്തെ 40 കേന്ദ്രസർവകലാശാലകളിലായി  ലക്ഷക്കണക്കിനു ബിരുദ സീറ്റുകളിലേക്കുള്ള  പ്രവേശനം  വരുന്ന അധ്യായന വർഷം മുതൽ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി യുജിസിയും  സർവകലാശാലകൾക്കു കത്തയച്ചിരിക്കുന്നു. അനിശ്ചിതത്വം നിലനിന്നിരുന്നതു ഡിയുവിന്റെ കാര്യത്തിൽ മാത്രമായിരുന്നു. അതിനു കാരണമുണ്ട് മറ്റു കേന്ദ്രസർവകലാശാലകളുടെ മാതൃകയില്ല ഡിയുവിന്റെ പ്രവർത്തനം. 91 കോളജുകളുണ്ട് ഡിയുവിനു കീഴിൽ. അക്കാദമിക് ഫാക്കൽറ്റികൾ വേറെ. മറ്റു സർവകലാശാലകളുടെ  പ്രവേശന രിതി ഡിയുവിൽ നടപ്പാക്കുക ശ്രമകരമാണ്. ബിരുദ പ്രവേശനത്തിനു പൊതുപരീക്ഷയെന്ന  ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമാണ്  അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ ഏകദേശ ധാരണയായിരിക്കുന്നത്. 

രാജ്യത്താകെ  49 കേന്ദ്രസർവകലാശാലകളാണു നിലവിലുള്ളത്. ഇതിൽ 40 എണ്ണം യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ധനസഹായത്തോടെ  പ്രവർത്തിക്കുന്നതാണ്. മറ്റ് ഒൻപതെണ്ണമാകട്ടെ സ്വയംഭരണ പദവിയിലുള്ളത്. അതു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ   കീഴിൽ നേരിട്ടാണു പ്രവർത്തിക്കുന്നത്. 


കേന്ദ്രത്തിന്റെ സെൻട്രൽ യൂണിവേഴ്സിറ്റി ആക്ടിനു കീഴിൽ  വരുന്ന സ്ഥാപനങ്ങളാണ് ഇതെല്ലാം. 1887ൽ സ്ഥാപിച്ച അലഹബാദ് സർവകലാശാലയാണു  കൂട്ടത്തിൽ ഏറ്റവും  പഴയത്. ബിഹാറിലെ  മോത്തിഗരിയിൽ  2016ൽ പ്രവർത്തനമാരംഭിച്ച മഹാത്മാ ഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി കൂട്ടത്തിൽ ഏറ്റവും പുതിയത്.

ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ നിലവിൽ കേന്ദ്രസർവകലാശാലകളില്ല, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും. ഉത്തർപ്രദേശിൽ 6 കേന്ദ്രസർവകലാശാലകളാണുള്ളത്. ഡൽഹിയിൽ അഞ്ചെണ്ണവും ബിഹാറിൽ നാലെണ്ണവുമുണ്ട്. മണിപ്പൂർ, തെലങ്കാന സംസ്ഥാനങ്ങൾക്കു 3 കേന്ദ്രസർവകലാശാലുണ്ട്. കേരളത്തിൽ ഒരെണ്ണവും; കാസർകോട് കേന്ദ്രസർവകലാശാല. 

നവംബർ 26നു യുജിസി കേന്ദ്രസർവകലാശാലകളിലെ  വൈസ് ചാൻസലർമാർക്കയച്ച കത്തിൽ ഇങ്ങനെ പറയുന്നു ‘ഏറെ നാളത്തെ കൂടിയാലോചനകൾക്കു ശേഷം  യുജി, പിജി പ്രവേശനത്തിനു  പൊതു പ്രവേശന പരീക്ഷ നടത്താമെന്നു ധാരണയായിട്ടുണ്ട്. 2022–23 അധ്യയന വർഷം മുതൽ ദേശീയ പരീക്ഷാ  ഏജൻസിയുടെ  സഹായത്തോടെ ഇതു നടത്താമെന്നാണു കരുതുന്നത്’. നിലവിൽ  ജെഎൻയു, ജാമിയ, ഹൈദരബാദ്, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രസർവകലാശാലകൾ  അവരുടെ സ്വന്തം പ്രവേശന പരീക്ഷയാണു നടത്തുന്നത്. ഡിയുവാകട്ടെ  12–ാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ യുജി പ്രവേശനം നൽകുമ്പോൾ പിജി പ്രവേശനത്തിനു പൊതുപ്രവേശന പരീക്ഷയും നടത്തുന്നു. അതേസമയം കാസർകോട് കേന്ദ്രസർവകാശാലക ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു നിലവിൽ പൊതുപ്രവേശന പരീക്ഷയുണ്ട്(സിയുസിഇടി).

കേന്ദ്രസർവകലാശാല പൊതുപ്രവേശന പരീക്ഷ (സിയുസിഇടി)


2009ൽ സെൻട്രൽ യൂണിവേഴ്സിറ്റി ആക്ട് അനുസരിച്ചു പുതുതായി രൂപീകരിച്ച 12 സർവകലാശാലകളിലെ  പ്രവേശനത്തിനു വേണ്ടി 2010ലാണു സിയുസിഇടി എന്ന പൊതുപ്രവേശന പരീക്ഷ നടപ്പാക്കുന്നത്. ഓരോ വർഷം കഴിയുന്തോറും  കൂടുതൽ സർവകലാശാലകൾ ഇതിൽ ഭാഗമായി. കഴിഞ്ഞ വർഷം 17 കേന്ദ്രസർവകലാശാലകളും ഏതാനും  സംസ്ഥാന സർവകലാശാലകളും  ഇതിൽ ഭാഗമായിരുന്നു. ഇതിനിടെയാണു ബിരുദ പ്രവേശനത്തിനു പൊതുപരീക്ഷയെന്ന നിർദേശം  2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉയർന്നത്. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി  കഴിഞ്ഞ വർഷം ഡിസംബറിൽ  പഞ്ചാബ് കേന്ദ്രസർവകലാശാല  വൈസ് ചാൻസലർ ആർ.പി. തിവാരി അധ്യക്ഷനായി  ഏഴംഗ സമിതിയെ  യുജിസി നിയമിച്ചു. 2021–22 അധ്യയന വർഷത്തിലെ പ്രവേശനം മുതൽ പൊതുപ്രവേശന പരീക്ഷ നടപ്പാക്കാനായിരുന്നു സമിതിയുടെ നിർദേശം. എന്നാൽ ഇതിനിടെ കോവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായി. സാഹചര്യം മെച്ചപ്പെട്ടോതെയാണ് ചർച്ചകൾ വീണ്ടും സജീവമായത്. ഒടുവിൽ  നവംബർ 22നു കേന്ദ്രസർവകാശാലകളുടെ വൈസ് ചാൻസലർമാരുടെ  യോഗത്തിൽ  ഇതു സംബന്ധിച്ച തീരുമാനമടെക്കുകയും  പിന്നാലെ കത്ത് അയയ്ക്കുകയുമായിരുന്നു. പിഎച്ച്ഡ പ്രവേശനം നെറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകണമെന്നുമാണു  പുതിയ നിർദേശം. 

കയ്യടി ഒപ്പം വിമർശനവും

പൊതുപ്രവേശന പരീക്ഷയ്ക്കെതിരെ ഏറ്റവുമധികം വിമർശനമുയർന്നിരിക്കുന്നതു ഡൽഹി യൂണിവേഴ്സിറ്റിൽ നിന്നു തന്നെയാണ്. ഡിയുവിലെ പ്രവേശന രീതികൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണു പൊതുപ്രവേശന പരീക്ഷയെന്ന നിർദേശം ഉയർന്നതെന്നാണു വാസ്തവം. 100 സീറ്റുള്ള ഒരു കോഴ്സിൽ 140–150 വിദ്യാർഥികൾ പഠിക്കുന്നുവെന്ന  പ്രതിസന്ധി ഇപ്പോൾ കോളജുകൾ നേരിടുന്നുണ്ട്. 100 ശതമാനമാണു കട്ട് ഓഫ് എങ്കിലും  ആ മാർക്കിന്റെ പരിധിയിൽ അപേക്ഷിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും  പ്രവേശനം നൽകണമെന്നാണു  ഡിയുവിന്റെ ചട്ടം. സംസ്ഥാന ബോർഡുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അമിതമായി പ്രാധാന്യം ലഭിക്കുന്നുവെന്ന വിമർശനവും  പൊതുപ്രവേശന പരീക്ഷയെന്ന  തീരുമാനത്തിനു കാരണമായി.

ഏറ്റവുമധികം  വിമർശനമുയർന്നതു കേരള ബോർഡിനു നേരെയുമായിരുന്നു. ഡിയുവിൽ ഇക്കുറി ബിരുദ പ്രവേശനം നേടിയവരിൽ  സിബിഎസ്ഇ ബോർഡ് പരീക്ഷ പാസായവരാണു കൂടുതൽ. രണ്ടാം സ്ഥാനം കേരള ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചവർക്കാണ്. ഹരിയാന ബോർഡ്, രാജസ്ഥാൻ ബോർഡ് എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ. പക്ഷേ, അപേക്ഷയും  പ്രവേശനത്തിന്റെ നിരക്കും നോക്കിയാൽ കേരളമാണ് ഒന്നാമത്.

സിബിഎസ്ഇ ബോർഡിൽ നിന്ന് ഇക്കുറി ഡിയുവിലേക്ക് അപേക്ഷിച്ചതു 2,29,264 വിദ്യാർഥികളാണ്. ആദ്യ 3 കട്ട് ഓഫിനു ശേഷം ഇവർ 37,767 സീറ്റിലാണു പ്രവേശനം നേടിയത്. പ്രവേശനം നേടിയ നിരക്ക് 16.47%. കേരള ബോർഡിൽ നിന്ന് ഇക്കുറി ഡിയുവിലേക്ക്  അപേക്ഷിച്ചതു 4828 വിദ്യാർഥികൾ. ആദ്യ 3 കട്ട് ഓഫിനു ശേഷം പ്രവേശനം നേടിയതു 1890 പേർ. പ്രവേശനം നേടിയ നിരക്ക് 39.18%.  ഹരിയാന ബോർഡിൽ നിന്നു 12–ാം ക്ലാസ് പൂർത്തിയാക്കിയ 9659 പേർ അപേക്ഷിച്ചപ്പോൾ അതിൽ 1606 പേർ പ്രവേശനം നേടി; അക്്സപ്റ്റൻസ് നിരക്ക് 16.63%. മധ്യപ്രദേശ് ബോർഡിലെ 1827 വിദ്യാർഥികൾ അപേക്ഷിച്ചതിൽ  440 പേർ പ്രവേശനം നേടി. അക്സപ്റ്റൻസ് നിരക്ക് 24.08%
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു മുൻതൂക്കം ലഭിക്കുന്നുവെന്നുള്ള പരാതികൾ ഉയർന്നതോടെയാണു ഇതു  സംബന്ധിച്ച നിർദേശങ്ങഴൾ നൽകാൻ വൈസ് ചാൻസലർ യോഗേഷ് സിങ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൊതുപ്രവേശന പരീക്ഷയെന്ന നിർദേശം നൽകിയത് ഇവരായിരുന്നു. അക്കാദമിക് കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിച്ചെങ്കിലും പത്തിലേറെ അംഗങ്ങൾ വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്.  ഏതാനും പരാതികളുടെ പേരിൽ വേഗത്തിൽ ഇത്തരത്തിൽ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നാണ് ഇവർ പറയുന്നത്. നിലവിൽ പ്രവേശനം നേടിയവർക്കു മെറിറ്റില്ലെന്ന പരാതി ആരും ഉയർത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. 



തൊഴിൽ അവസരങ്ങളും ഉയർന്ന പഠനസാധ്യതകളും സൗജന്യമായി  ലഭിക്കാൻ

Join WhatsApp Group


Telegram channel


നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.  പലർക്കും ഉപകാരപ്പെടും

2 Comments

Post a Comment
Previous Post Next Post

MULTI